ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ രാത്രിമഴ വിതച്ചത് വന്‍നാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്.
പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകടസാധ്യതാമേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊന്‍മുടി ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



