റിയാദ്: സൗദിയിലെ വിദേശ ജോലിക്കാരിൽ ചിലർക്ക് അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയ തസ്തികയിൽ മാറ്റം വരുത്തിയതായി സന്ദേശം ലഭിച്ചത് തസ്തികകളുടെ പുനഃക്രമീകരണം മൂലമാണെന്ന് വിവരം. രാജ്യത്തെ വിദേശികളുടെ തൊഴിലുകൾ അന്താരാഷ്ട്ര നയരേഖകൾക്ക് അനുസൃതമായി പുനഃക്രമീകരിക്കുന്ന നടപടിയിലാണ് സൗദി അധികൃതർ.
ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻസ് ഓഫ് ഓക്യുപ്പേഷൻസ് (ഐ.എസ്.സി.ഒ-08) മാനദണ്ഡ പ്രകാരം തയാറാക്കിയ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഓക്യുപ്പേഷൻസ് (എസ്.എസ്.സി.ഒ) അനുസരിച്ചാണ് നടപടി. സൗദി ഭരണകൂടം നിർദേശിച്ചതനുസരിച്ച് സാമൂഹിക മാനവശേഷി മന്ത്രാലയം, പാസ്‍പോർട്ട് ഡയറക്ടറേറ്റ്, സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റി എന്നിവ സംയുക്തമായാണ് പുനഃക്രമീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
10 ഗ്രൂപ്പുകളിലായി 43 സബ് ഗ്രൂപ്പുകളും 130 മൈനർ ഗ്രൂപ്പുകളും 432 യൂനിറ്റുകളുമായി തരം തിരിച്ചാണ് പുതിയ ക്രമീകരണം. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ മുമ്പ് 3,000 ഓളം പ്രഫഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ സംവിധാനം അനുസരിച്ച് ഇത് 2015 ആയി ചുരുങ്ങിയിട്ടുണ്ട്. ലേബർ (ആമിൽ), സാധാരണ ലേബർ (ആമിൽ ആദി) തുടങ്ങിയ പ്രഫഷനുകൾ ഇതോടെ ഇല്ലാതായി. നിശ്ചിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ‘ലേബർ’ എന്ന ഗണത്തിലേക്ക് ഇവ മാറും.
വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ മാത്രമേ ഇനിമുതൽ രാജ്യത്തേക്ക് റിക്രൂട്ട്‌മെന്റ് നടക്കൂ. നിലവിലുള്ള വിദേശജോലിക്കാർ തൊഴിൽ കരാർ പുതുക്കുന്ന വേളയിൽ ഇവയിലേതെങ്കിലും ഹാജരാക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല.