പി പി ചെറിയാൻ
ഹൂസ്റ്റൻ ∙ കോവിഡ് വ്യാപകമായതിനെ തുടർന്ന് ഹൂസ്റ്റൻ ആശുപത്രിയിൽ കിടക്കയ്ക്കു ക്ഷാമമായതിനാൽ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെംപിളിലുള്ള ആശുപത്രിയിൽ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊണ്ടുപോകേണ്ടി വന്നു. 150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ പറന്നത്.
ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് സൗഖ്യം ലഭിച്ചതായി ബെയ്ലർ സ്കോട്ട് ആന്റ് വൈറ്റ് മെക്ലയൻ ചിൽഡ്രൻസ് മെഡിക്കൽ സെന്റർ (ടെംപിൾ) ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡൊമിനിക്ക് ലൂസിയ അറിയിച്ചു. വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് ഇപ്പോൾ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
11 മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റിവാണെന്ന് ഹാരിസ് ഹെൽത്ത് സിസ്റ്റം വക്താവ് അമാന്റാ കോൾവെ പറഞ്ഞു. ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിൻഡർ ബി. ജോൺസൻ ഹോസ്പിറ്റലിലാണ്. എന്നാൽ അവിടെ ഇൻക്യുബേറ്റ് ചെയ്യുന്നതിനുള്ള (കുട്ടികൾക്ക്) സൗകര്യമില്ലാത്തതിനാലാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ കിടക്ക ഇല്ലാത്തിനാലാണ് കുട്ടിയെ ടെംപിളിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്നും അധികൃതർ പറഞ്ഞു.



