വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. പുതിയ ഭൂചലനത്തില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഒന്നിലധികം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതില്‍ 2,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തുകയും ചെയ്തു. 50,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം അനുഭവപ്പെട്ട ഏറ്റവും മാരകമായ ഭൂചലനമായിരുന്നു ശനിയാഴ്ചയുണ്ടായത്. 6.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ശനിയാഴ്ചത്തെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അഫ്ഗാനിസ്ഥാന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ആന്ഡ്എംഎ) വക്താവ് മുല്ല സെയ്ഖ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 20 ഗ്രാമങ്ങളിലായി ഏകദേശം 2,000 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയം 5 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു.
പ്രധാനമായും വിദേശ സഹായത്തെ ആശ്രയിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്. താലിബാന് ഏറ്റെടുത്തതിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്കുള്ള സഹായം വലിയ തോതില്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു. വൈദ്യസഹായത്തിനും ഭക്ഷണത്തിനും പുറമേ, താപനില കുറയുന്നതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് അഭയമൊരുക്കേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രതികരണത്തിന്റെ തലവന്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ അരമണിക്കൂറിനുള്ളിൽ മൂന്ന് ശക്തമായ ഭൂചലനങ്ങളാണ് രാജ്യത്ത് അനുഭവപ്പെട്ടത്. 12.11ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 12: 19ന് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 12.42ന് ആയിരുന്നു മൂന്നാം ഭൂചലനം. ഇത്തവണ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തില്‍ ജീവഹാനിയോ പരിക്കുകളോ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ നാല് ഭൂകമ്പങ്ങള്‍ നേപ്പാളിനെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കും പടിഞ്ഞാറ് നേപ്പാളിലെ ദിപായല്‍ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചയ്ക്ക് 2:25 ന് ആദ്യ ഭൂചലനം അനുഭവപ്പെട്ടു. 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും ആണ് ഭൂചലനമുണ്ടായത്.



