ആലുവ: ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് കുടുബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൃഥിരാജ് നീതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ആലുവ ജില്ല ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധമാരംഭിച്ചു. കുഞ്ഞിന്റെ യഥാര്‍ഥ മരണകാരണം അറിയുന്നതുവരെ പ്രതിഷേധം തുടരും.

നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഈ മാസം ഒന്നാം തിയതിയാണ് മൂന്ന് വയസുകാരന്‍ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ അവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലുമെത്തിച്ചു.

എന്നാല്‍, കുഞ്ഞിനെ കിടത്തി ചികിത്സിക്കാനോ നീരീക്ഷണത്തില്‍ വയ്ക്കാനോ പോലും ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് ആരോപണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നായതിനാലാണ് കിടത്തി ചികിത്സ നിഷേധിക്കപ്പെട്ടതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയത്തിന്റെ അറകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് രാസപരിശോധന ഫലം. ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് കുടുംബം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.