പ്രതിഭയുടെ ധാരാളിത്തവും അസാമാന്യ നേതൃപാടവവും തികഞ്ഞ, തന്റേതല്ലാത്ത കാരണത്താല്‍ അവസരം നഷ്ടപ്പെട്ട് വെറും മൂന്ന് അന്താരാഷ്ട്ര ഏകദിനങ്ങള്‍ മാത്രം കളിച്ച ഒരു ക്യാപ്റ്റന്‍. അതും 42-ാം വയസ്സില്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ കുറച്ചു നാളുകളായി ഗൂഗിളില്‍ തിരഞ്ഞ കായിക താരം. വ്യക്തിഗത പ്രകടനത്തിലും നായക മികവിലും ഒരു പക്ഷേ കപില്‍ ദേവ്, ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാഡ്‌ലി എന്നീ നായകന്മാരുടെ കൂടെ ഉള്‍പ്പെടുത്താവുന്ന താരം. ദക്ഷിണാഫ്രിക്കയുടെ ക്ലൈവ് എഡ്വാര്‍ഡ് ബട്ലര്‍ റൈസ്.
1971ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം. 22കാരനായ ക്ലൈവ് റൈസ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആ സന്തോഷത്തിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളു. വര്‍ണ വിവേചനത്തിന്റെ ഇരുണ്ട നാളുകളില്‍ അകപ്പെട്ട ദക്ഷിണാഫ്രിക്കയെ കായിക ലോകം ഒറ്റപ്പെടുത്തി. നെല്‍സണ്‍ മണ്ടേല പോലുള്ള സമര നേതാക്കന്മാര്‍ ഇതിനിടയില്‍ ജയിലിലാക്കപ്പെട്ടിരുന്നു. ഒരൊറ്റ മത്സരത്തിനു പോലും ഭാഗ്യം ലഭിക്കാതെ ആ പുതുമുഖ താരം നിറകണ്ണുകളോടെ ട്രാന്‍സ്വാളിലേക്ക് മടങ്ങി.
പക്ഷേ കാലം ക്ലൈവ് റൈസിനു കാത്തുവെച്ചത് മറ്റൊരു സമ്മാനമായിരുന്നു. 1991ല്‍ വിലക്ക് നീങ്ങി ലോക ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന ദക്ഷിണാഫ്രിക്കയെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശുദ്ധ ഭൂമിയായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നയിക്കാന്‍ കാലവും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും നിയോഗിച്ചത് 42കാരനായ ക്ലൈവ് റൈസിനായിരുന്നു. കെപ്ലര്‍ വെസ്സല്‍സ് ഒഴികെ എല്ലാം പുതുമുഖങ്ങള്‍ നിറഞ്ഞ ആ ടീം ഇന്ത്യയോട് മൂന്നു മത്സരങ്ങളില്‍ പൊരുതി കീഴടങ്ങി. 1-2 എന്ന നിലയിലായിരുന്നു ക്ലൈവ് റൈസിന്റെ പിള്ളേര്‍ ഇന്ത്യയ്ക്ക് മുന്നില്‍ പരാജയപ്പെട്ടത്.
തുടര്‍ന്ന് ലോകകപ്പിലും വെസ്റ്റിന്‍ഡ്യന്‍ പര്യടനത്തിലും കളിക്കാന്‍ കാത്തു നില്‍ക്കാതെ, ഒരിക്കല്‍ വഴിമാറിപ്പോയ തന്റെ സ്വപ്നം കീഴടക്കിയ നിര്‍വൃതിയില്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി. ശിഷ്ടകാലം, തന്‍്റെ എക്കാലത്തെയും ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിങ്ഹാംഷയറിന്റെ കോച്ചായ ഇദ്ദേഹമാണ് കെവിന്‍ പീറ്റേഴ്സന്റെയും ഡേവിഡ് കലഹന്‍്റെയുമെല്ലാം മെന്റര്‍ ആയി അറിയപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക ഉള്‍പ്പെട്ട കോഴ വിവാദങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ഹാന്‍സി ക്രോണിയെയുടെയും പാക്കിസ്ഥാന്‍ മുന്‍ കോച്ച് ബോബ് വൂമറിന്റെയും ദുരൂഹ മരണങ്ങളെക്കുറിച്ച് റൈസ് സംശയം പ്രകടിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. 2015ല്‍ തന്റെ 66-ാം വയസ്സില്‍ ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് ക്ലൈവ് റൈസ് ലോകത്തോട് വിട പറഞ്ഞു.
ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും ക്ലൈവ് റൈസിനെ കപില്‍ ദേവ്, ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാഡ്‌ലി, എന്നിവരുടെ കൂടെ ഉള്‍പ്പെടുത്താനുണ്ടായ കാരണം എന്തായിരിക്കുമെന്ന്. എഴുപതുകളിലെ തുടക്കത്തിലും എണ്‍പതുകളുടെ അവസാനം വരെയും ട്രാന്‍സ്വാള്‍ പ്രോവിന്‍സിനെ നയിച്ച അദ്ദേഹം മൂന്ന് തവണ ടീമിനെ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ലീഗായ ‘Castle Currie Cup’ അടക്കം മറ്റു പല ടൂര്‍ണമെന്‍റുകളിലും ചാമ്ബ്യന്‍മാരാക്കി.
കരിയറിന്റെ അവസാന നാളുകളില്‍ നേറ്റാള്‍ പ്രോവിന്‍സിന്റെ കരാര്‍ അദ്ദേഹം ഏറ്റെടുത്തു. 80കളില്‍ ഇംഗ്ലീഷ് കൗണ്ടിയായ നോട്ടിങ്ഹാംഷയറിന്റെ ക്യാപ്റ്റനായ റൈസ്, റിച്ചാര്‍ഡ് ഹാഡ്ലി, ഡെറക് റാന്‍ഡല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടീമിനെ 1981ലും 87ലും കൗണ്ടി ചാമ്ബ്യന്‍മാരാക്കി. ഇതിനിടയില്‍ ഇദ്ദേഹം സ്കോട്ട്ലന്‍റിനു വേണ്ടിയും കളിച്ചു. 1980ല്‍ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള അവസരം. നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ വിമതരായി (Rebel) വിവിധ ടീമുകളോട് അനൗദ്യോഗിക ടെസ്റ്റ് കളിച്ചപ്പോഴും ക്യാപ്റ്റന്‍ ക്ലൈവായിരുന്നു.
ലോകത്ത് ആദ്യമായി ലിസ്റ്റ് എ മത്സരങ്ങളില്‍ 5000 റണ്‍സും 500 വിക്കറ്റുകളും നേടിയത് ക്ലൈവ് റൈസായിരുന്നു. 482 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 40.95 ആവറേജില്‍ 26331 റണ്‍സും അദ്ദേഹം തന്റെ കരിയറില്‍ കുറിച്ചു. അതില്‍ 48 സെഞ്ചുറികളും 137 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 22.49 ആവറേജില്‍ 2.58 ശരാശരിയില്‍ 930 വിക്കറ്റുകളും നേടി. ആ മൂന്ന് അന്താരാഷ്ട്ര ഏകദിനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആരോരുമറിയാതെ ക്ലൈവ് റൈസ് തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നേനെ. ചുരുങ്ങിയ പക്ഷം 90കളുടെ ആദ്യം ക്രിക്കറ്റ് എന്ന വികാരത്തിന് അടിമപ്പെട്ട ചിലരുടെയെങ്കിലും ഓര്‍മകളില്‍ ക്ലൈവ് റൈസ് ഇന്നും ജീവിക്കുന്നുണ്ടായിരിക്കും.



