ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു കഴിച്ച് ചെരിഞ്ഞ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പ്രാഥമിക അന്വേഷണത്തില്‍ സ്ഫോടക വ്സതു നിറച്ച പഴവര്‍ഗ്ഗം ആന അബദ്ധത്തില്‍ കഴിച്ചതാകാമെന്ന് മന്ത്രാലയം അറിയിച്ചു. സംഭവം ബോധപൂര്‍വ്വമായ ഒരു ആനവേട്ടയല്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.
“ഇക്കാര്യത്തില്‍ പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പക്ഷപാതമില്ലാതെയാണ് കേരള സര്‍ക്കാരും വനം പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളോടും വ്യാജവാര്‍ത്തകളോടും പ്രതികരിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ അഭ്യര്‍ത്ഥിച്ചു,” മറ്റൊരു ട്വീറ്റില്‍ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായും കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം മൃഗങ്ങളെ ഓടിയ്ക്കാന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച പഴങ്ങള്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഇപ്പോഴും തുടരുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേയ് 25നാണ് ആന ചരിഞ്ഞത്. മെയ് 23ന് വന്യജീവി സങ്കേതത്തിലെ ജീവക്കാരാണ് പരിക്കേറ്റ നിലയില്‍ ആനയെ ആദ്യം കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിനു പുറത്തേക്ക് വെള്ളവും ഭക്ഷണവും അന്വേഷിച്ച് പോയപ്പാഴാണ് അപകടമെന്നാണ് കരുതുന്നത്. മേയ് 30നായിരുന്നു ആന പരിക്കേറ്റ് ചരിഞ്ഞ വിവരം പുറം ലോകം അറിഞ്ഞത്. മണ്ണാര്‍ക്കാട്ടെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇത്.