അടിമാലി കല്ലാറിൽ ആനസവാരി കേന്ദ്രത്തിലെ രണ്ടാം പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. പെർഫോമിങ് ആനിമൽസ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാർക്കെതിരെയും ഉടമയ്ക്കെതിരെയും കേസെടുത്തു. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി.
ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് ഇടുക്കി അടിമാലി കല്ലാറിലെ അറുപതാംമൈലിന് സമീപം പ്രവർത്തിക്കുന്ന കേരള ഫാം സ്പൈസസിനോട് ചേർന്ന ആന സവാരി കേന്ദ്രത്തിലെ പന്ത്രണ്ടര വയസ്സുള്ള ലക്ഷ്മി എന്ന ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) കൊല്ലപ്പെടുന്നത്.
വൈകിട്ട് സഞ്ചാരികളുമായി റൈഡ് പുറപ്പെടുന്നതിനിടെ ആനയെ ഒരുക്കുന്നതിനിടെയാണ് ആന ആക്രമിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്ണൻ മരിച്ചു.