കൊളംബോ: നാട്ടാനകളുടെ ക്ഷേമത്തിനായി ശ്രീലങ്കയില്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്നു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ ആനകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ദിവസേനയുള്ള കുളി എന്നിവ നിര്‍ബന്ധമാക്കും. കൂടാതെ ജോലിസമയത്ത് പാപ്പാന്‍മാര്‍ മദ്യപിക്കുന്നത് വളരെ കര്‍ശനമായി നിരോധിക്കും. വിശാലമായ പുതിയ മൃഗസംരക്ഷണ നിയമമനുസരിച്ചാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്നത്.

സമൂഹത്തിലെ സമ്പന്നവിഭാഗക്കാരില്‍ പലരും തങ്ങളുടെ പ്രൗഢി കാണിക്കാന്‍ ആനകളെ പോറ്റുന്നത് ശ്രീലങ്കയില്‍ പതിവാണ്. ഇതില്‍ ബുദ്ധസംന്യാസികളും ഉള്‍പ്പെടും. അതേസമയം ആനകള്‍ക്കെതിരെയുള്ള ക്രൂരതയേയും ആനകള്‍ക്ക് നേരെയുള്ള മോശം പെരുമാറ്റത്തേയും കുറിച്ചുള്ള പരാതികള്‍ ശ്രീലങ്കയില്‍ വ്യാപകമാണ്.