ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറഞ്ഞ നായകന്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ആരാധകരും ബോളിവുഡ് സിനിമാലോകവും. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രത്തില്‍ സുശാന്ത് അവതരിപ്പിച്ച അനിരുദ്ധ് എന്ന കഥാപാത്രം മകനായ രാഘവിനോട് ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്ന് പറയുന്നുണ്ട്.. തോല്‍വികള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്.
അതേ ചിത്രത്തിലെ നായകന്‍ തന്നെ ആത്മഹത്യ ചെയ്തു എന്നത് ആരാധകര്‍ക്ക് വിശ്വസിക്കാനാകാത്തതും അതുകൊണ്ടുതന്നെയാണ്.
നാടകത്തില്‍ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയില്‍ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. അത്രയും ആത്മാര്‍ഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്.
നിരാശയില്‍ ജീവിതം അവസാനിപ്പിക്കരുതെന്നും ആലോചിച്ച് പ്രതിവിധികള്‍ സ്വയം കണ്ടെത്തണമെന്നും പറഞ്ഞ അതേയാള്‍ തന്നെ ഇപ്പോള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് ചിച്ചോരെയുടെ സംവിധായകന്‍ നിതേഷ് തിവാരി പറയുന്നു..
സുശാന്തിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പ് പോലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല.
സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്ബോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിനിടയിലാണ് നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. ജൂണ്‍ 3ലെ നടന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്റെ ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് പോസ്റ്റ്.
2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്‌ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്ബത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019 ല്‍ പുറത്തിറങ്ങിയ ഡ്രെെവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.