കോഴിക്കോട്> നിതിന്റെ മൃതദേഹവുമായി ആംബുലന്‍സ് നെടുമ്പാശ്ശേരിയില്‍നിന്ന് നേരെ കോഴിക്കോട് ആശുപത്രിയിലേക്ക്. അവിടെ ഒരു നോക്ക് കാണാന്‍ ആതിര. ആംബുലന്‍സ് എത്തുന്നതിന് കുറച്ചുസമയം മുന്നേയാണ് പ്രിയപ്പെട്ടവന്റെ വിയോഗ വാര്‍ത്ത ആതിരയെ അറിയിച്ചത്. കാത്തിരുന്ന കണ്‍മണിയെ കാണാതെ പോയ പ്രിയപെട്ടവനെ ഒന്നുകാണുവാനായി വീല്‍ചെയറിലാണ് ആതിരയെ ആംബുലന്‍സിനടുത്തെത്തിച്ചത്. നിതിന്റെ വേര്‍പ്പാടറിയാതെ ആതിര ഇന്നലെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
ആശുപത്രിയില്‍നിന്ന് നിതിന്റെ മൃതദേഹം പേരാമ്പ്രയിലുള്ള വീട്ടിലെത്തിച്ചു. ഒരുമണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. പുലര്ച്ചെ അഞ്ചിനാണ് ദുബായില് നിന്ന് നെടുമ്ബാശേരിയിലേക്കുള്ള വിമാനത്തില് മൃതദേഹം എത്തിച്ചത്. എയര് ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. തിങ്കളാഴ്ചയാണ് ദുബായില് ഹൃദയാഘാതം മൂലം നിതിന് ദുബായില് മരിച്ചത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ധേയരായത്. 7 മാസം ഗര്‍ഭിണിയായിരുന്ന ആതിര ദുബായിയില്‍ നിന്നുള്ള ആദ്യവിമാനത്തില്‍തന്നെ നാട്ടിലെത്തിയിരുന്നു. അന്ന് ആതിരക്കൊപ്പം പോരാന്‍ അവസരം ലഭിച്ചിട്ടുംഅത് കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് വേണ്ടി മാറികൊടുക്കുകയായിരുന്നു.