മേയർ തെരെഞ്ഞെടുപ്പിൽ മത്സരം എറിക് ആഡംസിലേക്കും കാതറിൻ ഗാർസിയയിലേക്കും ചരുങ്ങി. റാങ്ക്ഡ് ചോയ്സ് വോട്ട് എണ്ണിയപ്പോഴും ബ്രൂക്ക്ലിൻ ബോറോ പ്രസിഡന്റായ ആഡംസ് ആണ് നേരിയ വോട്ടിനു മുന്നിൽ. 16,000 വോട്ടിന്റെ കുറവിൽ ഗാർസിയ രണ്ടാമതെത്തി. ഇപ്പോഴും ആഡംസിനു 51.1% വോട്ട്. ഗാർസിയക്ക് 48.9%. വിജയ പ്രതീക്ഷയിലാണ് മുൻ സാനിറ്റേഷൻ കമ്മീഷണറായ ഗാർസിയയും അനുചരരും. ജയിച്ചാൽ സിറ്റിയിലെ ആദ്യ വനിതാ മേയർ ആയിരിക്കും അവർ.
ഇനി 125,000 അബ്സെന്റീ ബാലറ്റ് കൂടി എണ്ണിയാലെ വിജയിയെ പ്രഖ്യാപിക്കാനാകൂ. അത് ജൂലൈ 6 -നു ഉണ്ടാകുമെന്നു കരുതുന്നു. അതെ സമയം വോട്ടെണ്ണലിൽ കൃത്യത ഇല്ലെന്നും തെറ്റ് ഉടൻ പരിഹരിക്കുമെന്നും എല്ലാവരും ക്ഷമ കാണിക്കണമെന്നും ഇലക്ഷൻ കമ്മിറ്റി അധികൃതർ അഭ്യർത്ഥിച്ചു.
നാലാം സ്ഥാനത്തുണ്ടായിരുന്ന ആൻഡ്രൂ യാംഗ് നേരത്തെ പിൻവാങ്ങുകയും ഗാര്‍സിയക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വൈലിയുടെ സെക്കൻഡ് ചോയിസ് വോട്ടുകളും ഗാർസിയക്കാണ് പോയത്. അതോടെ ഗാർസിയ രണ്ടാം സ്ഥാനത്തെത്തി. ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോൾ രണ്ടാം സ്ഥാനത്തു വന്ന മായാ വൈലി, പത്താം റൗണ്ടിൽ പുറത്തായി. ഇടതുപക്ഷ കോൺഗ്രസ് വുമൺ അലക്സാൻഡിയ ഒക്കേഷ്യാ കോർട്ടസിന്റെ (എ.ഓ.സി) പിന്തുണയാണ് അവരെ തുണച്ചത്.



