കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.  

കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആകാശപാത അനിശ്ചിതത്വത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് പദ്ധതി പൊളിച്ചു നീക്കണമെന്ന നിലപാട് സിപിഎം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണമെന്ന വിമര്‍ശനങ്ങളെയും തള്ളുന്ന സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാവായ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതികൂട്ടിലാക്കുകയാണ്. ആകാശപാത പൊളിച്ചു നീക്കണമെന്നു പറയുമ്പോഴും പദ്ധതിക്കു പിന്നില്‍ അഴിമതി ഉണ്ടെന്ന പ്രചാരണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.