ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ബ​ന്ദി സ​ഞ്ജ​യ് കു​മാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ടി​ആ​ര്‍​എ​സ്. സ​ഞ്ജ​യ് കു​മാ​ര്‍ അ​മി​ത് ഷാ​യ്ക്ക് ചെ​രി​പ്പ് എ​ടു​ത്തു ന​ല്‍​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി കെ.​ ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ മ​ക​നും മ​ന്ത്രി​യും ടി​ആ​ര്‍​എ​സ് നേ​താ​വു​മാ​യ കെ.​ടി.​ രാ​മ​റാ​വു രൂ​ക്ഷഭാ​ഷ​യി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

തെ​ലു​ങ്കാ​ന​യി​ലെ ബി​ജെ​പി നേ​താ​ക്ക​ള്‍ ഗു​ജ​റാ​ത്തു​കാ​രു​ടെ അ​ടി​മ​ക​ളാ​ണെ​ന്നും തെ​ലുങ്കാ​ന​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ഇ​ക​ഴ്ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ചെ​റു​ക്കു​മെ​ന്നും കെ.​ടി.​ രാ​മ​റാ​വു ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ഉ​ജ്ജ​യി​നി മ​ഹാ​കാ​ളി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തെ​ലു​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്ക് ചെ​രു​പ്പെ​ടു​ത്തു കൊ​ടു​ത്ത​ത്.