മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാൻ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുമെന്നും ഫ്രാൻസിസ് പാപ്പാ. നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾക്ക് മുന്നിൽ, ദൈവത്തിൽ സഹായം കണ്ടെത്താനും, അതുവഴി നമ്മുടെ പരിമിതികളെ തരണം ചെയ്യാനും പാപ്പാ ഉദ്ബോധിപ്പിച്ചു. ഓഗസ്സ്റ് ഏഴ് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ആറായിരത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ഉദ്ബോധനപ്രഭാഷണത്തിൽനിന്നെടുത്ത ഒരു ഭാഗമായിരുന്നു അന്നേദിവസം സാമൂഹ്യമാധ്യമമായ എക്സിൽ പാപ്പാ കുറിച്ചത്.
“നമ്മുടെ കഴിവുകൾക്കും അതീതമായ ചില സാഹചര്യങ്ങളിൽ നാം ജീവിതത്തിൽ ചിലപ്പോഴൊക്കെ എത്തുകയും, “ഈ സാഹചര്യത്തെ എനിക്ക് എങ്ങനെ നേരിടാനാകും?” എന്ന് സ്വയം ചോദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ, “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” (ലൂക്കാ 1, 37) എന്ന് ഓർക്കുന്നത് സഹായകരമാണ്. നാം ഇത് വിശ്വസിച്ചാൽ, നമുക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും”. എന്നായിരുന്നു പാപ്പാ എക്സിൽ എഴുതിയത്.
മംഗളവാർത്തത്തിരുനാളുമായി ബന്ധപ്പെട്ട തിരുവചന വായനകൾ ആധാരമാക്കിയായിരുന്നു ഓഗസ്റ്റ് ഏഴാം തീയതി ബുധനാഴ്ച പാപ്പാ ഉദ്ബോധനം നടത്തിയത്.



