നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ (Pratap Pothen) പൊടുന്നനെയുണ്ടായ വേര്‍പാടിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. കലാമേഖലയില്‍ അന്ത്യം വരേയ്ക്കും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയത് നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി റോഷന്‍ ആൻഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്യുന്ന ചിത്രമാണ്. നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അച്ഛനായ ഡേവിസ് ആയാണ് പ്രതാപ് പോത്തന്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- സാര്‍, നമ്മള്‍ സംസാരിക്കുകയും ചിത്രീകരണം ആസ്വദിക്കുകയും ചെയ്‍തു. ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. നിവിന്‍റെ അച്ഛന്‍ കഥാപാത്രം ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാന്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കും, പക്ഷേ.. ആദരാഞ്ജലികള്‍, സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്‍റെ അന്ത്യം. 69 വയസായിരുന്നു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ആരവമെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.



