ലഖ്‌നൗ: എന്തുകൊണ്ടാണ് മകന്‍ ആസാദിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ആതിഖ് അഹമ്മദിന് നേരെ അക്രമി വെടിയുതിര്‍ത്തത്. ‘അവര്‍ കൊണ്ടു പോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല’ എന്ന മറുപടി നല്‍കിയപ്പോഴേക്കും ആതിഖിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. പിന്നാലെ നിലത്തേക്ക് വീഴുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.
ശനിയാഴ്ച വന്‍ പൊലീസ് സുരക്ഷയിലാണ് ആസാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ആതിഖിന് അനുമതി ലഭിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും പ്രദേശവാസികളില്‍ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 13-ാം തീയതി ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ആതിഖിന്റെ മകന്‍ 19കാരനായ ആസാദ് അഹമ്മദിനെ യുപി പൊലീസ് കൊലപ്പെടുത്തിയത്.
അതേസമയം, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.



