തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതുമായി ചാറ്റിലൂടെ സംസാരിച്ച കാര്യം മകന്‍ അനന്തകൃഷ്ണന്‍ തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് നടിയും അനന്തകൃഷ്ണന്റെ അമ്മയുമായ മാലാ പാര്‍വതി. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സീമയുടെ മകന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് പരസ്പര സമ്മതത്തോടു കൂടിയായിരുന്നുവെന്നും അവരെ താന്‍ ഒരിക്കലും വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.
‘ടൈംസ് ഒഫ് ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല എന്നും താന്‍ ഇക്കാര്യത്തില്‍ സീമയ്‌ക്കൊപ്പമാണെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരണമെന്നും അതിനായി പൊലീസില്‍ താന്‍ പരാതി നല്കിയിട്ടുള്ളതായും മാലാ പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. സീമ തന്നോട് നഷ്ടപരിഹാരം ചോദിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ല, അവര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ മാലാ പാര്‍വതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ തനിക്ക് പിന്തുണ തേടി പരക്കം പായുകയാണെന്നും സീമ വിനീത് ആരോപിക്കുന്നു. മകന്‍ ചെയ്‌ത തെറ്റിന് തന്നോട് മാപ്പ് ചോദിച്ച അവര്‍ തുടര്‍ന്ന് വിഷയത്തില്‍ പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും സീമ വിനീത് ചൂണ്ടിക്കാട്ടിയിരുന്നു.