ന്യൂഡല്‍ഹി : അഴുക്കുവെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. കോവിഡിന്റെ ജനിതക ഘടകങ്ങളാണ് ഗവേഷകര്‍ അഴുക്കുവെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. ഇത് ആധ്യമായാണ് വൈറസിന്റെ സാന്നിധ്യം അഴുക്കു വെള്ളത്തില്‍ കണ്ടെത്തുന്നത്. ഐഐടി ഗാന്ധി നഗറിലെ ഗവേഷകരാണ് അഹമ്മദാബാദിലെ അഴുക്കുവെള്ളത്തില്‍ നിന്നും കൂടിയ അളവില്‍ കോവിഡ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ രോഗം ബാധിച്ചവരുടെ വിസര്‍ജ്യങ്ങളില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

ഐഐടി ഗാന്ധിനഗറിലെ എട്ടംഗ സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. ഗുജറാത്ത് ബയോടെക്നോളജി ഗവേഷണ കേന്ദ്രവും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്ന് ഐഐടി ഗാന്ധിനഗറിലെ എട്ടംഗ സംഘം നടത്തിയ ഗവേഷണത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍.പല പ്രദേശങ്ങളിലും വൈറസ് ബാധയുടെ കാരണം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാതെ പോകുന്നതിനിടെയാണ് അഴുക്കുജലത്തില്‍ അപകടകരമായ രീതിയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
കോവിഡിന്റെ വ്യാപനത്തേക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാണ് ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തലെന്നാണ് വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള കോവിഡിനെ കുറിച്ച്‌ ഗവേഷണം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഉള്‍പ്പെട്ടു. വളരെക്കുറച്ച്‌ രാജ്യങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.