വാഷിങ്ടൻ∙ യുഎസിൽ വീണ്ടും കറുത്തവർഗക്കാരൻ പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ടു. അറ്റ്ലാന്‍റയില്‍ 27കാരനായ റെയ്ഷാദ് ബ്രൂക്ക്സിനെ ആണു പൊലീസ് വെടിവച്ചു കൊന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്ലാന്‍റ പൊലീസ് മേധാവി രാജിവച്ചു. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്‍റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം.

സൗത്ത് ഈസ്റ്റ് അറ്റ്ലാന്‍റയില്‍ ശനിയാഴ്ച രാത്രിയാണ് യുവാവിന്‍റെ കൊലപാതകത്തിലേക്കു നയിച്ച വെടിവയ്പുണ്ടായത്. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ചു പാര്‍ക്ക് ചെയ്ത കാറില്‍ ഒരാൾ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാദ് ബ്രൂക്കുമായി അടിപിടിയുണ്ടാവുകയും തുടർന്ന് പൊലീസ് വെടിവയ്പിൽ റെയ്ഷാദ് കൊല്ലപ്പെടുകയുമായിരുന്നു. പരുക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു ജോർജിയ പൊലീസ് പറഞ്ഞു.

പൊലീസ് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നു റെയ്ഷാദിനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ അയാള്‍ പൊലീസിന്റെ പക്കലുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് ഓടി. തുടർന്നു പൊലീസുകാരിലൊരാൾ റെയ്ഷാദിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കയ്യില്‍ തോക്ക് പോലെയുള്ള വസ്തുവുമായി ഓടുന്നത് വ്യക്തമാണ്.