ന്യൂയോര്‍ക്ക്:  അറ്റ്‌ലാന്റ മാളിന് സമീപം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഏകദേശം ഉച്ചയ്ക്ക് 1:30 ന്, മാള്‍ വെസ്റ്റ് എന്‍ഡിന് എതിര്‍വശത്തുള്ള 640 ഇവാന്‍സ് സെന്റ് എന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ നിലയില്‍ മൂന്ന് പേരെ കണ്ടെത്തി. പരിശോധനയില്‍ മൂവരും മരിച്ചതായി സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍, ഒരാള്‍ രണ്ട് പേരെ സമീപിച്ച് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും വെടിയേറ്റവരില്‍ ഒരാള്‍ തോക്കുധാരിയുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെടിയുതിര്‍ത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേരും മരിച്ചതായി പോലീസ് പറഞ്ഞു.

വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. തെരുവിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് മാള്‍ വെസ്റ്റ് എന്‍ഡിലെ സെക്യൂരിറ്റി ഗാര്‍ഡ് ക്വിന്റണ്‍ ഹബ്ബര്‍ട്ട് പറഞ്ഞു. വെടിവയ്പ്പ് നടന്ന സമയത്ത് മാള്‍ തുറന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.