അരവിന്ദ് സ്വാമി നായകനായ തമിഴ് സിനിമയായ ‘ഭാസ്കർ ഒരു റാസ്കലി’ ന്റെ നിർമാതാവിനെതിരേ മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകാത്തതിനും കടമെടുത്ത 35 ലക്ഷംരൂപ തിരിച്ചടയ്ക്കാത്തതിനുമാണ് നിർമാതാവ് കെ. മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സിദ്ദിഖ് സംവിധാനംചെയ്ത ‘ഭാസ്കർ ദ റാസ്കൽ’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. 2017 ഏപ്രിൽ ഏഴിനാണ് അരവിന്ദ് സ്വാമി നിർമാതാവുമായി കരാർ ഒപ്പുവെച്ചത്. മൂന്നുകോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. തുകയിൽനിന്ന് നികുതിപിടിച്ച് ആദായനികുതി വകുപ്പിന് നൽകുമെന്നും കരാറുണ്ടായിരുന്നു.
2018 മേയ് 17-ന് സിനിമ റിലീസ് ചെയ്തെങ്കിലും 30 ലക്ഷംരൂപ നിർമാതാവ് അരവിന്ദ് സ്വാമിക്ക് നൽകാനുണ്ടായിരുന്നു. നികുതിത്തുകയായ 27 ലക്ഷം ആദായനികുതി വകുപ്പിൽ അടച്ചതുമില്ല. ആയതിനാൽ 18 ശതമാനം പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്കു നൽകാനും ആദായനികുതിവകുപ്പിൽ 27 ലക്ഷം അടയ്ക്കാനും നേരത്തേ നിർമാതാവിനോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ തന്റെ കൈവശം യാതൊരു സ്വത്തുമില്ലെന്ന് നിർമാതാവ് വെളിപ്പെടുത്തി. തുടർന്നാണ് സ്വത്തു വിവരം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ നിർമാതാവ് ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിനായി 35 ലക്ഷംരൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു കേസും നിർമാതാവിന്റെ പേരിലുണ്ട്.



