സിയൂള്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്കു തുടക്കമായി. ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്കെതിരേ തങ്ങള്‍ സജ്ജരാണെന്നു തെളിയിക്കുകയാണ് ഈ സൈനികാഭ്യാസങ്ങള്‍ വഴി ഉദ്ദേശിക്കുന്നത്.
വാര്‍ഷിക വേനല്‍ക്കാല സംയുക്ത പരിശീലനത്തിന് ഉള്‍ചി ഫ്രീഡം ഷീല്‍ഡ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. അടുത്ത മാസം ഒന്നിന് സൈനികാഭ്യാസം അവസാനിക്കും. കൊറോണ മഹാമാരിക്കുശേഷം ആദ്യമായാണ് ദക്ഷിണ കൊറിയ പ്രത്യേകമായി നാലുദിവസത്തെ സൈനികാഭ്യാസം കൂടി നടത്തുന്നത്. സംയുക്ത സൈനികാഭ്യാസത്തിനെതിരേ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
യുദ്ധമുഖത്ത് മാറിമാറിവരുന്ന യുദ്ധതന്ത്രങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ പ്രതിരോധ സംവിധാനം സജ്ജമാണെന്ന് വ്യക്തമാക്കുകയാണ് ഈ സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. 2017 നു ശേഷം ഇത്ര വലിയ സൈനികാഭ്യാസം നടത്തുന്നത് ആദ്യമായാണ്.
രണ്ടു ക്രൂയിസ് മിസൈലുകള്‍ വടക്കന്‍ കൊറിയ കഴിഞ്ഞയാഴ്ച പരീക്ഷിച്ചിരുന്നു. ഏതുനിമിഷവും ഏഴാമത് ആണവ പരീക്ഷണം നടത്താന്‍ വടക്കന്‍ കൊറിയ റെഡിയാണെന്ന് സീയൂള്‍ അധികൃതര്‍ പറഞ്ഞു. അധിനിവേശത്തിനുള്ള റിഹേഴ്‌സല്‍ എന്നാണ് ഈ സംയുക്ത സൈനിക പരിശീലനത്തെ വടക്കന്‍ കൊറിയ വിശേഷിപ്പിച്ചിരിക്കുന്നത്.



