വാഷിംഗ്ടണ്‍: ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നയിച്ച യുദ്ധങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടിരുന്ന മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് (88 ) അന്തരിച്ചു.1932ല്‍ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1975-77 കാലത്ത് ജെറാര്‍ഡ് ഫോഡിനു കീഴിലും 2001- 2006ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷിനു കീഴിലും രാജ്യത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു. അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയെന്ന അപൂര്‍വ ബഹുമതിയും റംസ്ഫെല്‍ഡിന്റെ പേരിലാണ്.
2001ല്‍ അഫ്ഗാനിസ്ഥാനിലും 2003ല്‍ സദ്ദാം ഹുസൈന്‍ ഭരിച്ച ഇറാഖിലും അധിനിവേശം നടത്താനുള്ള നിര്‍ണായക തീരുമാനം യു.എസ് ഭരണകൂടം സ്വീകരിച്ചതിന് പിന്നില്‍ ഇദ്ദേഹമാണ്. കുറ്റവാളികളുടെ വിചാരണയെന്ന പേരില്‍ പലയിടങ്ങളിലും തടങ്കല്‍ പാളയങ്ങള്‍ തീര്‍ത്ത് തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നതിനും ഇദ്ദേഹം പിന്തുണ നല്കിയത് ലോകത്തിന് മുന്നില്‍ വില്ലനാക്കി മാറ്റി.
നിയമവിരുദ്ധമായ ഒട്ടേറെ യുദ്ധങ്ങള്‍ക്കും സിവിലിയന്മാരുടെ കൂട്ടക്കുരുതികള്‍ക്കും നേതൃത്വം നല്കുകയും പീഡനവും കൊള്ളയും വ്യാപകമായ അഴിമതിയും നടത്തുകയും ചെയ്ത യുദ്ധക്കുറ്റവാളിയെന്നാണ് ഡൊണള്‍ഡ് റംസ്ഫെല്ഡിനെ കവാകിബി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഇയാദ് അല്‍ബഗ്ദാദി വിശേഷിപ്പിച്ചത്.
2003ല്‍ ഇറാഖില്‍ ലോകത്തിനാകമാനം വിനാശം വിതയ്ക്കുന്ന ആയുധ ശേഖരമുണ്ടെന്നാരോപിച്ചാണ് റംസ്ഫെല്‍ഡിന്റെ നേതൃത്വത്തില്‍ യു.എസ് എത്തിയത്. ലക്ഷണക്കിന് പേരാണ് അന്നത്തെ യുദ്ധത്തില്‍ ഇറാക്കില്‍ മരിച്ച് വീണത്. എന്നാല്‍ രാജ്യത്ത് അത്തരം ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് യു.എസിന് പിന്നീട് സമ്മതിക്കേണ്ടി വന്നു. നിരപരാധികളെ വിചാരണകൂടാതെ മഹാക്രൂരതകള്‍ക്കിടയാക്കിയ ഗ്വാണ്ടാനാമോ, അബൂഗുറൈബ് തടവറകളില്‍ നടക്കുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാഷ ലംഘനം പുറം ലോകമറിഞ്ഞതോടെ റംസ്ഫെല്‍ഡ് 2006ല്‍ രാജിവെയ്ക്കുകയായിരുന്നു.



