കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സേ അമേരിക്കന്‍ ഗ്രീന്‍കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് കഴിഞ്ഞമാസം നാടുവിടേണ്ടിവന്ന മുന്‍ പ്രസിഡന്റ് അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയോടും മകനോടുമൊപ്പം അമേരിക്കയിലെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

കഴിഞ്ഞമാസംതന്നെ അമേരിക്കന്‍ ഗ്രീന്‍കാര്‍ഡിനായുള്ള രാജപക്‌സേയുടെ അപേക്ഷ അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ചതായി ശ്രീലങ്കന്‍ ദിനപത്രമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ ലോമ രാജപക്‌സെക്ക് അമേരിക്കന്‍ പൗരത്വമുള്ളതിനാല്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ രാജപക്‌സേയ്ക്ക് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 2019 ല്‍ രാജപക്‌സെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. 1998 ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. 2005 ല്‍ ശ്രീലങ്കയില്‍ തിരിച്ചെത്തുകയും ചെയ്തു.

ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ഭാര്യയോടൊപ്പം കഴിയുന്ന 73 കാരനായ മുന്‍ പ്രസിഡന്റ്, ഈ മാസം അവസാനത്തോടെ ശ്രീലങ്കയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ വരെ തായ്‌ലാന്‍ഡില്‍ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. തായ്‌ലാന്‍ഡില്‍ സ്വതന്ത്രമായി നടക്കുന്നതിന് പോലീസ് വിലക്ക് എര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കോക്കിലെ അജ്ഞാതമായ ഒരു ഹോട്ടലിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. തായ്‌ലാന്‍ഡില്‍ താമസിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് തായ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.