വാഷിംഗ്ടണ്‍: അമേരിക്കന്‍ ട്രഷറി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയമോ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടില്‍ അമേരിക്കയുടെ അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് യുഎസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന ട്രഷറി വകുപ്പ് സെക്രട്ടറി പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, റിസര്‍വ് ബാങ്ക്, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തുടങ്ങിയവ സന്ദര്‍ശിക്കും. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുള്‍പ്പെട്ട ക്വാഡ് സഖ്യത്തില്‍ അംഗമാണ് ഇന്ത്യ. യുക്രെയ്‌നില്‍ ആക്രമണം നടത്തുന്ന റഷ്യയെ മറ്റ് അംഗരാജ്യങ്ങളെപ്പോലെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല.