കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കും. ശിക്ഷയിന്മേല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ കോടതി വാദം കേള്‍ക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക.
പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ പ്രശാന്ത് ഭൂഷണ്‍ ആറുമാസം ജയിലില്‍ പോകേണ്ടിവരും. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവകാശമുണ്ടെന്നും ശിക്ഷയിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അപേക്ഷ ഒരുപക്ഷെ, ഇന്ന് ആദ്യം കോടതി പരിശോധിച്ചേക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മൂന്നു മുന്‍ ചീഫ് ജസ്റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. ജൂണ്‍ 29നും ജൂലൈ 22നും പുറത്തുവന്ന ട്വീറ്റുകളിലൂെട കോടതിയുടെ അന്തസ്സ് ഇകഴ്ത്തിയെന്നു ചൂണ്ടിക്കാണിച്ചാണ് ഭൂഷണ്‍ കേസില്‍ കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 14ന് സുപ്രീംകോടതി വിധിച്ചത്. ശിക്ഷ തീരുമാനിക്കാനുള്ള വാദംകേള്‍ക്കല്‍ നീട്ടിവെക്കുന്നില്ലെങ്കില് കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
30 ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹരജി നല്കാന് നിയമപ്രകാരം അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത സ്ഥിതിക്ക് മറ്റു കോടതികളില്‍ അപ്പീല്‍ നല്കാന് അവകാശമില്ല. ഈ സാഹചര്യത്തില്‍ പുനഃപരിശോധന ഹരജി നല്‍കുക എന്ന ഒറ്റ നിയമമാര്ഗമേ തനിക്കുള്ളൂവെന്നും ഭൂഷണ്‍ പറഞ്ഞു.



