കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസ്ഥിതി മോശമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ചാണ് നടപടി. ഇന്ന് വൈകിട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുക.
മധ്യേഷ്യന്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. അഫ്ഗാനിലെ മസര്‍-ഇ-ഷരീഫിലാണ് ഇന്ത്യയ്‌ക്ക് കോണ്‍സുലേറ്റ് ജനറലുള്ളത്. മസര്‍-ഇ-ഷരീഫിലും പരിസരപ്രദേശത്തും വസിക്കുന്ന ഇന്ത്യക്കാരോട് ഉടന്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കാവശ്യമായ വ്യക്തിവിവരങ്ങള്‍ (പേര്, പാസ്‌പോര്‍ട്ട് നമ്ബര്‍, കാലാവധി അവസാനിക്കുന്ന തീയ്യതി എന്നിവ) സമര്‍പ്പിക്കണമെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. വിവരങ്ങള്‍ വാട്ട്‌സാപ്പ് വഴി കൈമാറുന്നതിനായി ഫോണ്‍ നമ്ബരും പ്രസിദ്ധീകരിച്ചിരുന്നു.



