മുംബൈ: ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതിനാൽ ബി.ജെ.പി. അധികാരത്തിന്റെ ധാർഷ്ട്യം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ധൂലേയിൽ എൻ.സി.പി. പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ ഒത്തുചേർന്ന് എതിർക്കുന്ന പക്ഷം ബി.ജെ.പിയുടെ നാളുകൾ എണ്ണപ്പെടുമെന്നും പവാർ കൂട്ടിച്ചേർത്തു.
ബി.ജെ.പി. ഭരണത്തെ ബ്രിട്ടീഷ് ഭരണത്തോട് ഉപമിച്ച പവാർ, അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കുന്ന ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാൻ സാധാരണക്കാരന് കഴിയുമെന്നും പറഞ്ഞു. അധീർ രഞ്ജൻ ചൗധരി നടത്തിയ രാഷ്ട്രപത്നി പരാമർശത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പിയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സോണിയ ഗാന്ധിയോടുള്ള ബി.ജെ.പി. എം.പിമാരുടെ പെരുമാറ്റത്തെ പവാർ വിമർശിച്ചു.
രാഷ്ട്രപതിയെ കുറിച്ച് തെറ്റായ വാക്ക് ഉപയോഗിച്ച എം.പി, പിഴവു തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞു. എന്നാൽ സോണിയ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. എം.പിമാരും മന്ത്രിമാരും ചേർന്ന് സോണിയയെ ബുദ്ധിമുട്ടിച്ചു. എൻ.സി.പിയുടെ എം.പി. സുപ്രിയ സുലെയാണ് സോണിയയെ അവരുടെ വാഹനം വരെ അനുഗമിച്ചത്. അല്ലാത്തപക്ഷം അവിടെ മറ്റെന്തെങ്കിലും സംഭവിക്കുമായിരുന്നു- പവാർ പറഞ്ഞു.



