നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിറങ്ങലിച്ച് നിന്ന കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശമായി മാറിയിട്ടുണ്ട് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള പോര്. പക്ഷേ വാക്പോര് രാഷ്ട്രീയമല്ല, പക്വതയോടെയുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവിന് അനിവാര്യമെന്ന വിലയിരുത്തലാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. അതിനാല്‍ കെ സുധാകരനെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുമ്ബോഴും കൂടുതല്‍ പ്രകോപനം സൃഷ്ടിക്കരുതെന്ന നിലപാടും കോണ്‍ഗ്രസില്‍ ശക്തമാണ്.
99 സീറ്റുമായി തുടര്‍ ഭരണം നേടിയ സര്‍ക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുക എന്നതായിരുന്നു പ്രതിപക്ഷ നിലപാട്. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ആദ്യ നിയമസഭാ സമ്മേളനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച പല ഘട്ടത്തിലും വാക് ഔട്ട് പോലും പ്രതിപക്ഷം ഒഴിവാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഈ സമീപനം ഒരു പരിധി വരെ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കെ സുധാകരന്‍ – പിണറായി വിജയന്‍ വാക്പോരോടെ സാഹചര്യം മാറിമറിഞ്ഞു. സുധാകരനായി പ്രതിരോധം തീര്‍ക്കാനായി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി.ഡി സതീശനും കളത്തിലിറങ്ങേണ്ടി വന്നു. പക്ഷേ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തള്ളിക്കളയുമ്ബോഴും കരുതലോടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.
സര്‍ക്കാരിനെ വെട്ടിലാക്കിയ മരംമുറി വിവാദത്തില്‍ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രി സുധാകരനെതിരെ തിരിഞ്ഞതെന്ന് സ്ഥാപിക്കാനായിരുന്നു അവരുടെ ശ്രമം. ഒപ്പം പതിറ്റാണ്ടുകള്‍ മുമ്ബുള്ള കാര്യത്തിലെ ചര്‍ച്ച അപക്വമാണെന്ന് പറഞ്ഞ് വെക്കുക കൂടി ചെയ്തു ചില നേതാക്കള്‍. സുധാകരനെ പ്രകോപിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റെയും ലക്ഷ്യമെന്ന വിലയിരുത്തലും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അവര്‍ അക്കാര്യം സുധാകരനുമായും പങ്ക് വെച്ചു.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ പതിവ് ആയുധങ്ങള്‍ സംസ്ഥാന തലത്തിലാകെ പ്രയോഗിക്കുന്നത് നേട്ടമാകില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. സുധാകരന്‍റെ മറുപടിക്ക് തുടര്‍ പ്രകോപനം ഉണ്ടായാല്‍ പക്വതയോടെ മറുപടി നല്‍കി കോണ്‍ഗ്രസ് വഴിമാറി നടക്കും. മരംമുറി അടക്കമുളള വിഷയങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചും കോവിഡ് പ്രതിരോധത്തിലേയും വാക്സിന്‍ വിതരണത്തിലേയും പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും മുന്നോട്ട് പോകാനായിരിക്കും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് ശ്രമം.



