പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് അന്വേഷിക്കുക. ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന് മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. മുരുകന്റെ പതിനേഴ് വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന് മുഖത്തടിക്കുകയും ചെയ്തിരുന്നു.
സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നായിരുന്നു പൊലീസ് നല്കിയ വിശദീകരണം.



