തിരുവനന്തപുരം : ഓണക്കാലത്ത് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്കത്തോത് വര്‍ദ്ധിച്ചതിനാല്‍, സംസ്ഥാനത്ത് അടുത്ത 14 ദിവസത്തിനുള്ളില്‍ ശക്തമായ രോഗവ്യാപനത്തിന് സാദ്ധ്യത.
കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ, പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നും, പുതിയ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാനിടയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങളുമായി ഉള്‍പ്പെടെ കൂടുതല്‍ സമ്ബര്‍ക്കമുണ്ടായതിനാല്‍, പലയിടങ്ങളിലും ഓണം ക്ലസ്റ്റര്‍ എന്ന തരത്തില്‍ രോഗവ്യാപനം രൂക്ഷമായ മേഖലകള്‍ രൂപം കൊള്ളാനിടയുണ്ട്.കര്‍ശനമായ ജാഗ്രത വാക്‌സിന്‍ വരുന്നതുവരെ തുടരണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ളവ ഫലപ്രദമായി ഉപയോഗിക്കണം.
മാസ്‌ക് ധരിക്കാത്ത 7477 സംഭവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രീതിയിലുള്ള പ്രതിരോധ ഇടപെടല്‍ കുറയുന്നതിന്‍െറ സൂചനയാണിത്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരായ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. ലോക്ക്ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനവും ഉചിതമായ രീതിയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാകുമ്ബോള്‍ ഒരുതരത്തിലുമുള്ള നിയന്ത്രണം വേണ്ടെന്നല്ല അര്‍ത്ഥം. എല്ലാ കാലവും അടച്ചിട്ട് മുന്നോട്ടു പോകാനാകില്ല. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറുകയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.



