കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. 

ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്. 

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചത്. 

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.