തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണിന്ന്. 111 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ ഒന്നിന് 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ രണ്ടിന് 86 ആയി അത് ഉയര്‍ന്നു. ജൂണ്‍ മൂന്നിന് 82, നാലിന് 94, ഇന്ന് 111 എന്നതാണ് നില. സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്.
ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 48 പേര്‍. സമ്ബര്‍ക്കം 10. ആരോഗ്യപ്രവര്‍ത്തകര്‍ 3.
മഹാരാഷ്ട്ര 25, തമിഴ്‌നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ഡെല്‍ഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. 22 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശൂര്‍ 5, കോഴിക്കോട് 1, കാസര്‍കോട് 7 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.
പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് 3597 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 1697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 973 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,77,106 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,75,581 പേര്‍ വീടുകളിലും 1545 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 247 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 79,074 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 74,769 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 19,650 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 18,049 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആകെ1,04,045 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് 3, കണ്ണൂര്‍, കോഴിക്കോട് ഒരോന്നുവീതവും പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ വന്നു.
ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14,000 കിറ്റ് ലഭിച്ചിട്ടുണ്ട്. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റ് കൂടി 3 ദിവസം കൊണ്ട് കിട്ടും എന്നാണ് അറിയിച്ചിട്ടുള്ളത്. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 1,77,033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30,363 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670 പേര്‍ വന്നു. ഇവരില്‍ 93,783 പേര്‍ തീവ്രരോഗവ്യാപനമുള്ള മേഖലകളില്‍ നിന്ന് എത്തിയവരാണ് – 63 ശതമാനം.
റോഡ് വഴി വന്നവര്‍ – 79 ശതമാനം, റെയില്‍ – 10.81 ശതമാനം, വിമാനം – 9.49 ശതമാനം
മറ്റു സംസ്ഥാനങ്ങളുടെ കാര്യം പരിശോധിച്ചാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍- 37 ശതമാനം. കര്‍ണാടക- 26.9 ശതമാനം. മഹാരാഷ്ട്ര – 14 ശതമാനം. വിദേത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്. 47.8 ശതമാനം. ഒമാന്‍ – 11.6 ശതമാനം, കുവൈറ്റ് – 7.6 ശതമാനം.
വന്നവരില്‍ 680 പേര്‍ക്കാണ് ഇന്നു വരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍നിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കാണ്- 196.
ഇന്ന് സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണം ഇതുവരെയുള്ളതില്‍ ഏറ്റവും വര്‍ധിച്ച ദിവസമാണ്. ഇതേ ഘട്ടത്തില്‍ തന്നെയാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും മറ്റും തുറക്കുന്നതും. നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും ഉത്തരവാദിത്വവും അസാധാരണാംവിധം വര്‍ധിക്കുകയാണ്.
ചാര്‍ട്ട് ചെയ്തതനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം ഒരുലക്ഷത്തിലധികം പേര്‍ വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തും. പൊതുഗതാഗത സംവിധാനം തുറക്കുക കൂടി ചെയ്യുമ്ബോള്‍ വരുന്നവരുടെ എണ്ണം പിന്നെയും ഗണ്യമായി വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യതയായി മാറരുത്.
ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 10 ആണ് എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇത് കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ സൂചനയാണ്. എന്തുതന്നെ ഇളവുകള്‍ ഉണ്ടായാലും രോഗവ്യാപനത്തിനെതിരായ മുന്‍കരുതലും ശ്രദ്ധയും എല്ലാവരിലും ഉണ്ടാവണം.
രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് കാണേണ്ടത്. അതുകൊണ്ടുതന്നെ അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തില്‍ സമൂഹത്തിലാകെ ഉണ്ടായ ജാഗ്രതയും കരുതലും കുറഞ്ഞുപോകുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ തന്നെ മനസ്സിലാക്കണം. ആപത്തിന്റെ തോത് വര്‍ധിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കാനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തും. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കും.
വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവരെയും വിവിധ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവരെയും അതിവേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ സംവിധാനമൊരുക്കും.
സാമൂഹിക അകലം, കൈകളുടെ ശുചീകരണം, മാസ്‌ക് ധാരണം എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം. അതില്‍ പൊതുസ്ഥലങ്ങളിലായാലും തൊഴിലിടങ്ങളിലായാലും വാഹനങ്ങളിലായാലും റസ്റ്റോറന്റുകളുടെയും മറ്റും അടുക്കളകളിലായാലും ഉപേക്ഷ പാടില്ല. കേരളീയന്റെ സവിശേഷമായ ശുചിത്വബോധവും ആരോഗ്യ പരിപാലന രീതിയും കൂടുതല്‍ ക്രിയാത്മകമായി പരിപാലിക്കപ്പെടണം.
ഇളവുകള്‍
രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ ഇളവുകള്‍ വരികയാണ്. കേന്ദ്ര ഗവണ്‍മെന്റ് ജൂണ്‍ എട്ടു മുതല്‍ വിവിധ തലത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സംബന്ധിച്ച ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സര്‍ക്കാര്‍ പരിശോധിച്ചു. സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡമനുസരിച്ച് ചില ഇളവുകള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും.
ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. അതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനങ്ങളിലെത്തുന്നത്. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ് എന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കേണ്ടതാണ്.
പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.
പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്ബോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
കേന്ദ്രം മുമ്ബോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്.
എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.
വിശുദ്ധ പുസ്തകങ്ങളിലും വിഗ്രഹങ്ങളിലും തൊടരുത്
ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. എന്തായാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.
അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.
മറ്റു സ്ഥാപനങ്ങള്‍
ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി യൂണിറ്റുകള്‍, റസ്റ്റാറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഓഫീസുകള്‍, തൊഴില്‍ സ്ഥാപങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
താമസിക്കാനുള്ള ഹോട്ടലുകള്‍
1. സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്.
2. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്.
3. സ്റ്റാഫും ഗസ്റ്റും ഹോട്ടലില്‍ ഉള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം.
4. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
5. ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കേണ്ടതാണ്.
6. അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം.
7. പേമെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വാങ്ങേണ്ടതാണ്. സ്പര്‍ശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം.
8. ലഗേജ് അണുവിമുക്തമാക്കണം.
9. കണ്ടെയ്‌മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം.
10. റൂം സര്‍വ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം.
11. റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം. താമസക്കാരുടെ കൈയില്‍ നേരിട്ട് നല്‍കരുത്.
12. എയര്‍ കണ്ടീഷണര്‍ 24-30 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കണം.
13. പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം.
14. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.
റസ്റ്റാറന്റുകള്‍
റസ്റ്റോറന്റുകള്‍ തുറന്ന് ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, പൊതു നിബന്ധനകള്‍ക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കണം. തുണികൊണ്ടുള്ള നാപ്കിനുകള്‍ക്കു പകരം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കണം.
റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്ബുന്നവര്‍ മാസ്‌കും കൈയുറയും ധരിക്കണം
ഷോപ്പിങ് മാളുകള്‍
ഫുഡ് കോര്‍ട്ടുകളിലും റസ്റ്റാറന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ജീവനക്കാര്‍ മാസ്‌കും കൈയുറകളും ധരിക്കണം.
ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം സ്വീകരിക്കല്‍ പ്രോത്സാഹിപ്പിക്കണം.
എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം.
മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.
കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും തുറക്കരുത്.
ഓഫീസുകളും തൊഴില്‍ സ്ഥലങ്ങളും
സന്ദര്‍ശകര്‍ക്ക് സാധാരണ ഗതിയിലുള്ള പാസ്സുകള്‍ നല്‍കുന്നത് അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയോടെ മതിയായ സ്‌ക്രീനിങ്ങിനുശേഷം പ്രത്യേകമായി പാസ് നല്‍കാം. കണ്ടയിന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്. വാഹനത്തിന്റെ ഉള്‍ഭാഗം, സ്റ്റിയറിങ്, ഡോര്‍ ഹാന്റില്‍, താക്കോലുകള്‍ എന്നിവ അണുമുക്തമാക്കണം.
പ്രായമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ അധിക മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികള്‍ ഏല്‍പ്പിക്കരുത്. കഴിയുന്നത്ര വര്‍ക്ക് ഫ്രം ഹോം ഒരുക്കണം.
യോഗങ്ങള്‍ കഴിയുന്നത്ര വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം
ഓഫീസുകളില്‍ ബാക്കിയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം.
വ്യത്യസ്ത ഓഫീസുകളുടെ സമയവും ഉച്ചഭക്ഷണ/കോഫി ഇടവേളകളും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കേണ്ടതാണ്.
പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം കവാടങ്ങള്‍ ഉണ്ടാകേണ്ടതാണ്.
കാന്റീനുകളില്‍ ജീവനക്കാര്‍ കൈയുറകളും മാസ്‌കും ധരിക്കണം. ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കാവൂ. അടുക്കളയില്‍ സ്റ്റാഫ് സാമൂഹ്യ അകലം പാലിക്കണം.
ഓഫീസുകളില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ലഭ്യമാക്കണം. സമ്ബര്‍ക്കം കണ്ടെത്തി അവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിക്കും. ഹൈ റിസ്‌ക് സമ്ബര്‍ക്കമുള്ളവരെ 14 ദിവസം ക്വാറന്റൈന്‍ ചെയ്യും. ലോ റിസ്‌ക് സമ്ബര്‍ക്കമാണെങ്കില്‍ ആരോഗ്യസ്ഥിതി 14 ദിവസം നിരീക്ഷിക്കും.
ഈ ഘട്ടത്തില്‍ ഓഫീസില്‍ വരാന്‍ സാധിക്കാത്ത ജീവനക്കാര്‍ അതതു ജില്ലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. വകുപ്പ് തലവന്മാര്‍ ഇത് ഉറപ്പുവരുത്തണം. ജില്ലാ കലക്ടര്‍മാര്‍ മുഖേന വകുപ്പ് തലവന്മാര്‍ ഇവരുടെ ജോലി സംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങേണ്ടതാണ്.
പൊതുവേ പറഞ്ഞ കാര്യങ്ങള്‍ക്കു പുറമെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചില തീരുമാനങ്ങള്‍ കൂടി പ്രത്യേകം പറയേണ്ടതുണ്ട്.
1. ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കേണ്ടതാണ്.
2. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്.
3. ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല.
4. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും.
5. ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്ബരും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.
6. കണ്ടയിന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം.
7. ലിഫ്റ്റുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാവരും ലിഫ്റ്റ് ബട്ടണുകള്‍ അമര്‍ത്തുന്ന രീതി ഉണ്ടാകരുത്.
8. റാമ്ബുകളുടെയും ഗോവണിപ്പടികളുടെയും കൈവരികളില്‍ പിടിക്കരുത്. ഭിന്നശേഷിക്കാര്‍ക്ക് പിടിക്കേണ്ടിവരുമ്ബോള്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിച്ചിരിക്കണം.
9. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കണം. പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ സന്ദര്‍ശകര്‍ എത്തുന്നത് ഒഴിവാക്കണം. ഓണ്‍ലൈന്‍ പരാതികള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്ന സംവിധാനവും ഉണ്ടാക്കും.
10. മാളുകളില്‍, ആരാധനാലയങ്ങള്‍ എന്നതുപോലെതന്നെ വിസ്തീര്‍ണ്ണമനുസരിച്ച് ഒരുസമയം പരമാവധി എണ്ണം നിശ്ചയിക്കും. അവിടെയും വരുന്നവരുടെ പേരുവിവരവും ഫോണ്‍ നമ്ബരും രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാകണം.
11. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജ്യൂസ് കടകള്‍ എന്നിവിടങ്ങളില്‍ വിളമ്ബുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം എന്ന നിഷ്‌കര്‍ഷ വേണം.
12. ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യു മുഖേനെ നിയന്ത്രിക്കും. ഒരുസമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 50ലധികം പാടില്ല. നിലയ്ക്കലിലും പമ്ബയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തും. മാസ്‌ക് നിര്‍ബന്ധമാക്കും. നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കണം. ദേവസ്വം ജീവനക്കാര്‍ക്കും കൈയുറയും മാസ്‌കും നിര്‍ബന്ധമാക്കും. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും 65 വയസ്സില്‍ കൂടുതലുള്ളവരെയും അനുവദിക്കില്ല. ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുത്. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയില്‍ നടത്താം.
13. ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും ഹോട്ടലുകളും ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ജൂണ്‍ 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം.
ചില റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങിയാല്‍ വീട്ടിലേക്ക് പോകുന്നതിന് സൗകര്യം ലഭിക്കുന്നില്ല എന്ന പരാതി വന്നിട്ടുണ്ട്. അത് ശ്രദ്ധിച്ച് ഇടപെടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. അതിന് പ്രത്യേകമായി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കും. ബസുകളും ഇതര വാഹനങ്ങളും വേണ്ടിവന്നാല്‍ ഏര്‍പ്പെടുത്താനും അനുവാദം നല്‍കിയിട്ടുണ്ട്.
കോവിഡിനു പുറമെ മറ്റു രോഗങ്ങള്‍, പ്രത്യേകിച്ച് മഴക്കാലത്ത് വരുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഇതില്‍ ഭാഗഭാക്കാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെലി മെഡിസിന്‍ സൗകര്യം വ്യാപകമായി ഏര്‍പ്പെടുത്തും. കോവിഡ്-കോവിഡിതര രോഗങ്ങളെ വേര്‍തിരിച്ചു കണ്ടുള്ള ചികിത്സാസംവിധാനമാണ് ഒരുക്കുന്നത്.
സംസ്ഥാനത്തുനിന്ന് ഇതുവരെ 1,67,355 അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. നിരവധി അതിഥി തൊഴിലാളികള്‍ ഇവിടെത്തന്നെ കഴിയുന്നുണ്ട്. ജോലികള്‍ തുടങ്ങിയ സ്ഥിതിക്ക് അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തുടരണം. കൂട്ടമായി താമസിക്കുകയാണ് അവര്‍. ജോലിസ്ഥലത്ത് അവരെ കൊണ്ടുപോകുന്നതിന് പ്രോട്ടോകോള്‍ ഉണ്ടാക്കും. കരാറുകാരാണ് യാത്രയിലും മറ്റും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പിക്കേണ്ടത്.
ചില സ്ഥലങ്ങള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി പറയുന്നുണ്ട്. അതിലൊന്ന് തലശ്ശേരി മത്സ്യമാര്‍ക്കറ്റാണ്. അത്തരം പ്രദേശങ്ങളില്‍ ഉചിതമായ അണുമുക്ത നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുടെ കാര്യം നേരത്തേ പൊതുചര്‍ച്ചയില്‍ വന്നിരുന്നു. അത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. അവര്‍ എവിടെയൊക്കെ പോയി എന്ന് അറിയാന്‍ അന്വേഷണം നടത്തും.
നിര്‍മാണ സാധനങ്ങള്‍ക്ക് വിലകൂട്ടുന്നത് ശക്തമായി തടയും. ഈ തക്കം നോക്കി വില വര്‍ധിപ്പിക്കുന്ന പ്രവണത പലയിടത്തും ഉണ്ട്. അത് അംഗീകരിക്കില്ല.
മാസ്‌ക് ധരിക്കാത്ത 3165 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 13 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത ജനവിഭാഗങ്ങള്‍ക്കുള്ള ആയിരം രൂപ സഹായം 11 ലക്ഷം പേര്‍ക്ക് ഇതിനകം കൊടുത്തിട്ടുണ്ട്. ഞായറാഴ്ചയോടെ ഇതിന്റെ വിതരണം പൂര്‍ത്തിയാകും. ആകെ 14,72,236 പേര്‍ക്കാണ് സഹായം ലഭിക്കുക.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1481 കോടി രൂപ ഇതിനകം അനുവദിച്ചു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, എംഎസ്‌എംഇ മേഖലകള്‍ക്കാണ് വായ്പ നല്‍കുന്നത്.
വിക്ടേഴ്‌സ് ചാനല്‍ ഇപ്പോള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്നുണ്ട്. ജിയോ ടിവിയിലും ഇന്നലെ മുതല്‍ വിക്ടേഴ്‌സ് ലഭ്യമാക്കിയതായി കമ്ബനി അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് വഴി വിക്ടേഴ്‌സ് കാണാന്‍ കഴിയും.
കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി എല്ലാ ജില്ലകളിലും കാര്‍ട്ടൂണ്‍ മതിലുകള്‍ ഒരുക്കി. ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ വരച്ചത്. വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നല്‍കിയ കാര്‍ട്ടൂണ്‍ അക്കാദമിയെയും കാര്‍ട്ടൂണിസ്റ്റുകളെയും അഭിനന്ദിക്കുന്നു.
സഹായം
കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്കായി നാല് സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തതായി മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു. കൂടാതെ രണ്ടുകോടി എട്ടുലക്ഷം രൂപ കൊറോണ പ്രതിരോധത്തിനും സമൂഹശാക്തീകരണത്തിനും ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനാവശ്യമായ തുകയുടെ 75 ശതമാനം കെഎസ്‌എഫ്‌ഇ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ സൗകര്യമൊരുക്കാനാവശ്യമായ തുകയുടെ 25 ശതമാനം വഹിക്കുമെന്ന് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.