ലണ്ടൻ: 20വർഷത്തിനിടെ ആദ്യമായി യൂനിഫോമിൽ പരിഷ്കാരം വരുത്തി ബ്രിട്ടീഷ് എയർവേയ്സ്. വനിത കാബിൻ ക്രൂ അംഗങ്ങൾക്ക് ഇനിമുതൽ ജമ്പ്സ്യൂട്ട് ധരിക്കാം. എയർലൈനുകളിൽ ആദ്യമായാണ് ജമ്പ്സ്യൂട്ട് കാബിൻ ക്രൂ അംഗങ്ങൾക്കുള്ള വസ്ത്രമാക്കുന്നതെന്ന് ബ്രിട്ടീഷ് എയർവേയ്സ് പ്രതികരിച്ചു. വനിത കാബിൻ ക്രൂ അംഗങ്ങൾക്ക് ഹിജാബും ധരിക്കാം.

അഞ്ച് വർഷമായി ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഒസ്‍വാൾഡ് ബൊട്ടെങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് ബ്രിട്ടീഷ് എയർവേയ്സ് വസ്ത്രം മാറ്റുന്നത്. കോവിഡ് മൂലം ഈ പ്രവർത്തനങ്ങൾ രണ്ട് വർഷം വൈകിയിരുന്നു. പുരുഷൻമാർക്ക് സ്യൂട്ടായിരിക്കും വസ്ത്രം. ജമ്പ്സ്യൂട്ടിന് പകരം സ്​ത്രീകൾക്ക് സ്കേർട്ട് അല്ലെങ്കിൽ ട്രൗസറും ഉപയോഗിക്കാം.

വേനൽക്കാലത്തിന് മുമ്പ് കമ്പനിയിലെ 30,000ത്തോളം ജീവനക്കാർ പുതിയ യൂനിഫോമിലേക്ക് മാറും.ഞങ്ങളുടെ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്നതാണ് യൂനിഫോമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ചെയർമാൻ സി.ഇ.ഒ സിയൻ ഡോയലെ പറഞ്ഞു.ഞങ്ങളെ ഭാവിയിലേക്ക് കൂടി നയിക്കുന്നതാണ് യൂനിഫോം. പുതിയ യൂനിഫോമിലേക്ക് മാറുമ്പോൾ പഴയത് റീസൈക്കിൾ ചെയ്യുകയോ ​ഡോണേറ്റ് ചെയ്യുകയോ ചെയ്യുമെന്നും ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.