ഹരിപ്പാട്: 12 കാരിയായ മകള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അറസ്‌റ്റിലായ അമ്മയെ റിമാന്‍ഡ് ചെയ്‌തു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(32)യാണ് റിമാന്‍ഡ് ചെയ്‌തത്. ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ചു.കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇവരുടെ ആദ്യവിവാഹത്തിലെ മകള്‍ ഹര്‍ഷയെ മുറിയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു.
കുട്ടിയെ ‘അമ്മ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് നേരത്തെയും പരാതി ഉണ്ടായിരുന്നു. കുട്ടിയുടെ മുടി ബലമായി മുറിക്കുകയും കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അശ്വതി നിരന്തരം കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് തൃക്കുന്നപ്പുഴ സി.ഐ: ആര്‍.ജോസിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ ആത്മഹത്യയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വരുന്നതനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കായംകുളം ഡി.വൈ.എസ്.പി: അലക്‌സ്ബേബി അറിയിച്ചു. അതേസമയം മരണം തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.