പറവൂർ: പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻചായ ആകുന്ന ചായപ്പൊടി ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ജില്ലയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മായം ചേർക്കലിന്റെയും മറ്റും പലവിധ തിരിമറികൾ. ജില്ലയിലെ 35 ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് പരിശോധന നടത്തി.ചേന്ദമംഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മജ്‌ലിസ് ഹോട്ടലിൽ നിന്നാണു മായം ചേർത്ത 2 കിലോഗ്രാം തേയില കണ്ടെടുത്തത്.
ഈ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ വ്യാജൻ ആണെന്നു തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളർ ഇളകി കടുപ്പമുള്ള കട്ടൻചായ പോലെയായി. വെടിമറ സ്വദേശി ഹസൻ വിതരണം ചെയ്ത തേയിലയാണെന്നു കടയുടമ മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചു. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് നിഗമനം.