ജിദ്ദ: ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേനല്‍ക്കാലം അവസാനിക്കുന്നത് വരെ രണ്ട് വിശുദ്ധ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും പ്രാര്‍ഥനയുടെയും ദൈര്‍ഘ്യം 15 മിനിറ്റായി ചുരുക്കാന്‍ സൗദി ഉന്നത അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രാര്‍ഥനയ്ക്കുള്ള ആദ്യ ബാങ്കിന്റെയും പ്രാര്‍ഥനയ്ക്കുള്ള രണ്ടാമത്തെ ബാങ്കിന്റെയും ഇടയിലുള്ള സമയ ദൈര്‍ഘ്യം 10 മിനിറ്റാക്കിയും കുറച്ചു. മക്കയിലെ ഗ്രാന്‍ഡ് മദ്ജിദിന്റെയും മദീനയിലെ പ്രവാചകന്റെ മസ്ജിദിന്റെയും മതകാര്യ പ്രസിഡന്‍സി മേധാവി ശെയ്ഖ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസാണ് ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് കര്‍മങ്ങള്‍ സമാപിച്ചതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രാര്‍ഥനാ കര്‍മങ്ങള്‍ ലഘൂകരിച്ചുകൊണ്ടുള്ള പുതിയ തീരുമാനം. സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസീം, മക്ക, മദീന ഭാഗങ്ങളില്‍ പകല്‍ താപനില ഇനിയും ഉയരും. ഒപ്പം ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്ക് പടിഞ്ഞാറ് ദിശയില്‍ കാറ്റ് 20 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും വടക്ക് മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലും 10 മുതല്‍ 30 കിലോമീറ്റര്‍ വേഗതയിലും ഉഷ്ണക്കാറ്റ് അനുഭവപ്പെടും. അതേസമയം, ജസാന്‍, അസീര്‍, അല്‍ബഹ, മക്ക, മദീന ഭാഗങ്ങളിള്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു. ചൂട് ശക്തമായതോടെ രാജ്യത്ത് പകല്‍ സമയങ്ങളില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നതിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് നിരോധനം.