ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേ ശവുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സ്‌കൂളുകളും വേനലവധി സമയം കഴിഞ്ഞ് ജൂലൈ മാസത്തില്‍ തുറന്നാല്‍ മതി എന്നാണ് പ്രധാന നിര്‍ദ്ദേശം. ഇതിലും സംസ്ഥാനങ്ങള്‍ക്ക് അതാത് പ്രദേശത്തെ കൊറോണ ബാധിത മേഖലയുടെ തീവ്രത നോക്കി നിശ്ചയിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. കൂടുതല്‍ പഠന ഭാരമുള്ള ഹൈസ്‌കൂള്‍ തലം മുതല്‍ മുകളിലോട്ടുള്ള ക്ലാസ്സുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സ്‌കൂളുകളില്‍ സാമൂഹിക അകലം പാലിക്കാനായി 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം എത്തുന്ന വിധം ക്ലാസ്സുകളുടെ സമയക്രമം മാറ്റി നിശ്ചയിക്കാമെന്ന രീതിയും അദ്ദേഹം മുന്നോട്ടുവെച്ചു.
‘ ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ വിദ്യാലയങ്ങള്‍ മാത്രമാണ് ജൂലൈ മാസത്തില്‍ തുറക്കേണ്ടത്. മറ്റുള്ളവര്‍ കൊറോണയുടെ തീവ്രതയനുസരിച്ച് മാത്രം തീരുമാനിക്കണം. 1 മുതല്‍ 7 ക്ലാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതാത് ജില്ലയിലെ സാഹചര്യം നോക്കി മാത്രം വിദ്യാലയങ്ങള്‍ തീരുമാനമെടുക്കണം. കഴിവതും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുക. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ അവരെ പുതിയ പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്നിവ വഴി നിലവിലെ അവസ്ഥയെ നേരിടാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പരിസ്ഥിതിയുമായി ഒത്തുപോകാന്‍ ആദ്യം പരിശീലിക്കേണ്ടത് അധ്യാപകരാണ്. സ്‌കൂള്‍ അസംബ്ലികളും മറ്റ് പതിവു ഒത്തുചേരലുകളും ഒഴിവാക്കണം. പുതിയ നിര്‍ദ്ദേശം മാനവ വിഭവ ശേഷി വകുപ്പിന്റേതായി ഈ വരുന്ന ആഴ്ച പുറത്തിറങ്ങുമെന്നും മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.