തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച്‌ പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും പതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമായിരിക്കും അഭിവാദ്യം സ്വീകരിക്കുക.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബി. എസ്. എഫ്, സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമന്‍ പോലീസ് ബറ്റാലിയന്‍, എന്‍. സി. സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍. സി. സി സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുക്കും.

സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാവും. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയാണ് പരേഡ് കഡാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പോലീസ് അസി. കമാന്‍ഡന്റ് ആണ് സെക്കന്റ് ഇന്‍ കമാന്‍ഡ്.