തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളും ഉടന്‍ തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍.

ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായതായും, ഉടമകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കാന്‍ സാവകാശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങള്‍ കേട്ടുവെന്നും സര്‍ക്കാരിനോട് നിസഹകരിക്കുക അവരുടെ നയമല്ല, വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്നും സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. വരുമാന നഷ്ടമുണ്ടാകുമെങ്കിലും കോവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും, അവ അനുഭാവത്തോടെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബസ് ഉടമകള്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിച്ചു. ആകെ 1850 ബസുകളാണ് നിരത്തില്‍ ഇറങ്ങുക. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്.

100% ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാത്തതിനാല്‍, നഷ്ടം സഹിച്ച്‌ ബസുകള്‍ ഓടിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.