ന്യൂഡല്‍ഹി : അഞ്ചാഘട്ട ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായെന്ന് വിലയിരുത്തല്‍. രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രം ഇന്ന് ഉത്തരവിറക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉണ്ടായിരിക്കും.

സ്കൂളികള്‍ ജൂണില്‍ തുറക്കില്ല. രണ്ടാംഘട്ടത്തില്‍ സ്കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച്‌ തുറക്കും. ജൂലായ് മാസത്തോടെ സ്കൂളുകളും കോളേജുകളും തുറന്നേക്കാം. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തിലും പിന്നീട് തീരുമാനം എടുക്കും. വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും നിയന്ത്രണം തുടരും. മെട്രോസര്‍വീസുകള്‍ ആലോചനകള്‍ക്ക് ശേഷമായിരിക്കും തുറക്കുക.

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.

അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രണങ്ങളില്ലെന്നാണ് പുതിയ മാര്‍ഗരേഖയിലുള്ളത് എന്നത് ഏറ്റവും ശ്രദ്ധേയമായത്. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതല്‍, ഇല്ലാതാകുന്നു. പക്ഷേ, ട്രെയിനുകളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ് വേണമെന്ന മാ‍ര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നു. സ്വകാര്യവാഹനങ്ങളില്‍ പാസില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസര്‍ക്കാര്‍. അണ്‍ലോക്ക് 1 എന്ന പേരിലുള്ള മാര്‍ഗനിര്‍ദ്ദേശവും സര്‍ക്കാരിന്റെ ഈ നീക്കത്തെയാണ് കാണിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച്‌ മാത്രം പിന്‍വലിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ വരുന്നു. സാമൂഹിക അകലം പാലിച്ച്‌, നിയമങ്ങള്‍ പാലിച്ച്‌, മാസ്ക് ധരിച്ച്‌ സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.