തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ആക്‌ടില്‍ ഭേദഗതി വരുത്തണമെന്ന് ഡിജിപി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനാണ് ശുപാര്‍ശ. പൊലീസ് ആക്‌ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു വകുപ്പ് പോലുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്‌ടില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. കൂടാതെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും ശിക്ഷാര്‍ഹമാക്കിയേക്കും.
സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്‌ത യുട്യൂബര്‍ വിജയ് പി.നായര്‍ക്കെതിരെ നേരത്തെ പ്രതിഷേധം നടന്നിരുന്നു. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ തുടങ്ങിയവരാണ് വിജയ് പി.നായര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്. സംസ്ഥാനത്തെ സെെബര്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു വഴി പ്രയാേഗിച്ചതെന്നും ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.