ഗല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും കൂടുതല്‍ ആള്‍നാശം ഉണ്ടാകാന്‍ സാധ്യയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന.
അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കുത്തൊഴുക്കുള്ള നദിയില്‍ തിരച്ചില്‍ നടത്തി കൂടുതള്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടന്നുകൊണ്ടിരിക്കുന്നത്. കനത്ത ശൈത്യവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും.
അതേസമയം സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഗല്‍വന്‍ താഴ്‌വരയില്‍ എന്താണു സംഭവിച്ചതെന്ന് രാജ്യത്തെ അറിയിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണു ഗാല്‍വന്‍ താഴ്‍വരയിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്.
അതിര്‍ത്തി കടന്ന് ഇന്ത്യ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.