തൃശൂര്‍ : കോവിഡ് പശ്ചാത്തലത്തില്‍ നടപ്പിലാക്കിവരുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ 4.5 ലക്ഷം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകള്‍ വിതരണം ചെയ്ത് കൃഷി വകുപ്പ് . കൃഷിഭവനുകള്‍ വഴിയാണ് വിത്തുകള്‍ വിതരണം ചെയ്തത് . ഇതോടൊപ്പം ഒന്നരലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു . പൊട്ടുവെള്ളരി സംഭരണവും വിപണനവും സ്തംഭിച്ച വേളയില്‍ ഹോര്‍ട്ടികോര്‍പ് കര്‍ഷകരുടെ മാര്‍ക്കറ്റ്, ഇക്കോ ഷോപ്പുകള്‍ എന്നിവ വഴി 25 ടണ്‍ പൊട്ടുവെള്ളരിയാണ് കൃഷിവകുപ്പ് സംഭരിച്ച്‌ വിറ്റത് .

ഇതോടൊപ്പം 15 ടണ്‍ പൈനാപ്പിളും സംഭരിച്ച്‌ വിപണനം നടത്തി. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകരുടെ വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചു . ഇതുവഴി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദന വസ്തുക്കള്‍ വിപണനം ചെയ്യാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും വഴി ഒരുങ്ങി . സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു നിലങ്ങളില്‍ കൃഷി ചെയ്യാനുള്ള നടപടികളും തുടങ്ങി . 250 ഹെക്ടര്‍ നിലത്ത് നെല്ല്, പച്ചക്കറി, വാഴ, എന്നിവയും 150 ഹെക്ടറില്‍ കിഴങ്ങുവര്‍ഗങ്ങള്‍ , 20 ഹെക്ടറില്‍ പയര്‍ വര്‍ഗങ്ങള്‍, 10 ഹെക്ടറില്‍ ചെറു ധാന്യങ്ങള്‍ എന്നിവയും ഈ കാലഘട്ടത്തില്‍ കൃഷി ചെയ്യാനുള്ള നടപടി ഇതിനകം കൃഷി വകുപ്പ് തുടക്കം കുറിച്ചു .