തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന ഓഫീസറെ കണ്ണൂരിലേക്ക് ഉടന്‍ അയയ്ക്കുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
കണ്ണൂരില്‍ സിഐഎസ്എഫ് ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി ഡയറക്ടര്‍ ജനറലിനെ കാര്യങ്ങള്‍ ധരിപ്പിച്ചത്.
കണ്ണൂര്‍ ഡിഐജി കെ.സേതുരാമന്, എസ്പി യതീഷ് ചന്ദ്ര എന്നിവര്‍ ഉടന്‍തന്നെ കണ്ണൂര്‍ വിമാനത്താവളവും സിഐഎസ്എഫ് ബാരക്കുകളും സന്ദര്‍ശിക്കും. വിമാനത്താവളവും ബാരക്കുകളും അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഐജി തുമ്മല വിക്രമിനാണ് ഏകോപന ചുമതല.