തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ താളംതെറ്റിയതായും, ഇതില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2.5 ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സംവിധാനമുണ്ടെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ 20, 000 പേരെത്തിയപ്പോഴേ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
ഇതോടെ സര്‍ക്കാര്‍ പറഞ്ഞത് ബഡായിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ക്വാറന്റൈന്‍ സൗജന്യമാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് പെയ്ഡ് ആണെന്ന് തിരുത്തി, ഇപ്പോള്‍ പറയുന്നു ഹോം ക്വാറന്റൈന്‍ മതിയെന്ന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ സംബന്ധിച്ച് ഇറക്കിയ മൂന്ന് സര്‍ക്കുലറുകളിലും അവ്യക്തതയുണ്ട്.
പരിശോധനാ കിറ്റുകള്‍ കിട്ടാനില്ലെന്ന മുടന്തന്‍ന്യായം പറയാതെ കൊവിഡ് രോഗം കണ്ടെത്താനുള്ള പരിശോധനകളുടെ എണ്ണം അടിയന്തരമായി വര്‍ദ്ധിപ്പിക്കണം. ഏറ്റവും കുറവ് പരിശോധനകള്‍ നടക്കുന്നത് കേരളത്തിലാണ്. പരിശോധനകളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാല്‍ ടെസ്‌റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകും. പരിശോധനകളുടെ ഫലം ലഭിക്കാനുള്ള കാലതാമസവും സര്‍ക്കാര്‍ ഒഴിവാക്കണം.വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു ബെഡ്ഡുകള്‍ 1800 എണ്ണം മാത്രമാണ് കേരളത്തിലുള്ളത്. സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയാല്‍ 1000 ബെഡ്ഡുകള്‍ കൂടി ലഭിക്കും. കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കണം. രോഗികളില്‍ നിന്ന് വാങ്ങാവുന്ന പരമാവധി തുക എത്രയെന്ന് നിശ്ചയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.