സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A
2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
നേരത്തെ മലയാള സിനിമാ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.