രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണെന്ന് അറിയാം. പക്ഷേ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക്‌ തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ്‌ മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച്‌ കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ്‌ പ്രവര്‍ത്തകരും മറ്റ്‌ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.