തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

ശനിയാഴ്ച കേരളത്തില്‍ 19 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 9 പേരുടേയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടേയും ഫലമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 143 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 228 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,163 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.